തിരുവനന്തപുരം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ പോളിംഗ് ശതമാനം ഇപ്പോഴും അനിശ്ചിതത്തിൽ ആണെങ്കിലും ഒരു കാര്യം ഉറപ്പ് പറയാം; ഇത്തവണ കൂടുതൽ വോട്ട് ചെയ്തത് സ്ത്രീകളാണ്. അതും പല മണ്ഡലങ്ങളിലും അന്പരപ്പിക്കുന്ന സ്ത്രീസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
സംസ്ഥാനത്തെ മൊത്തം പോളിംഗ് ശതമാനം അവസാനം പ്രഖ്യാപിച്ചത് 79.63 ആണ്. എന്നാൽ സ്ത്രീകളുടെ പോളിംഗ് ശതമാനം ഇത്തവണ 81.19 ആണ്. വോട്ട് ചെയ്ത പുരുഷന്മാർ 75.19 % മാത്രം. കേരളത്തിലെ മൊത്തം സ്ത്രീ വോട്ടർമാർ 1,39,21,868 ആണ്. പുരുഷന്മാർ 1,32,20,811. അതായത് പുരുഷന്മാരേക്കാൾ ആറു ശതമാനം സ്ത്രീകൾ കൂടുതലായി വോട്ട് ചെയ്തു.
പോളിംഗ് ദിവസം തന്നെ സ്ത്രീകളുടെ അന്പരപ്പിക്കുന്ന സാന്നിധ്യവും നീണ്ട ക്യൂവും ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ത്രീകൾക്കു മാത്രമുള്ള ബൂത്തുകളിലും നീണ്ട നിര ദൃശ്യമായിരുന്നു. പല ജില്ലകളുടെയും കണക്കെടുത്താൽ നഗര, ഗ്രാമ വ്യത്യാസമില്ലാതെ സ്ത്രീകൾ മുന്നിലെത്തി.
എറണാകുളം, തൃശൂർ, കോഴിക്കോട്, കൊല്ലം പോലുള്ള ജില്ലകളിൽ ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും സ്ത്രീകളാണ് പുരുഷന്മാരേക്കാൾ കൂടുതൽ വോട്ട് ചെയ്തത്. മാത്രമല്ല വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിലും സ്ത്രീകൾ തന്നെയാണു മുന്നിൽ.
എന്നാൽ സ്ത്രീ വോട്ടർമാരുടെ താത്പര്യം വർധിച്ചുവെങ്കിലും നിയമസഭയിലേക്കു മത്സരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ വ്യത്യാസം ഉണ്ടായിട്ടില്ല. സ്ത്രീകളുടെ നിയസഭാ ജനപ്രതിനിധി എണ്ണം 10 ശതമാനത്തിനു മുകളിൽ ഇന്നേവരെ കടന്നിട്ടില്ല.